17 Jul 2017

'വരവു' പൂക്കളില്ല ഓണത്തിന് നാട്ടുപൂക്കള്‍

പിലാത്തറ:  ചെറുതാഴം പഞ്ചായത്തിലെ വിദ്യാലയങ്ങളില്‍ ഇക്കുറി നാട്ടുപൂക്കള്‍ കൊണ്ട് ഓണപ്പൂക്കളം ഒരുക്കും. "നാട്ടുപൂക്കള്‍ കൊണ്ട് ഓണപ്പൂക്കളം" പദ്ധതിക്ക് പഞ്ചായത്ത് വിദ്യാഭ്യാസസമിതി രൂപം നല്‍കി.നാട്ടില്‍ സുലഭമായിരുന്ന ചെ‌‌മ്പരത്തി, കോളാമ്പി, ശംഖുപുഷ്പം, ചെണ്ടമല്ലിക , കാശി തുമ്പ, ചെക്കി, മന്ദാരം, കൃഷ്ണകിരീടം തുടങ്ങിയ പൂക്കള്‍ ഉപയോഗിച്ചാണ് പൂക്കളം തീര്‍ക്കുക. വിദ്യാലയങ്ങളില്‍  ജൈവവൈവിധ്യോദ്യാനത്തിന്‍റെ  ഭാഗമായി നാട്ടുചെടികളുടെ ഉദ്യാനം ആദ്യഘട്ടത്തില്‍ ഒരുക്കും. ഒരു കുട്ടി ഒരുചെടി എന്ന നിലയില്‍ മുഴുവന്‍ കുട്ടികളും സ്കൂളില്‍ പൂച്ചെടി നടും. അന്യം നില്‍ക്കുന്ന ഔഷധദായനികളായ  നാട്ടുചെടികളെ അറിയുക, നമ്മുടെ മണ്ണും നമ്മുടെ ചെടിയും സംരക്ഷിക്കുക, പൂക്കള്‍ക്കൊപ്പം ശലഭ്യോദ്യാനമൊരുക്കുക  എന്നീ ലക്ഷത്തോടെയാണ് പ്രവര്‍ത്തനം. നാട്ടുചെടികള്‍ നട്ട് മികച്ച ഉദ്യാനമൊരുക്കുന്ന  വിദ്യാലയങ്ങള്‍ക്ക് പഞ്ചായത്ത് പാരിതോഷികം നല്‍കും.  ജൈവവൈവിധ്യ പാര്‍ക്കിനായി സര്‍വ്വശിക്ഷാ അഭിയാന്‍ ആവിഷ്കരിച്ച  പ്രവര്‍ത്തനത്തില്‍   നാട്ടുചെടി നടീല്‍  പ്രധാന     പ്രവര്‍ത്തനമാണ്.  നാട്ടുചെടികള്‍  കൊണ്ട്  ഓണപ്പൂക്കളം ഒരുക്കുന്നതിന്‍റെ  ചെടി നടീല്‍  പഞ്ചായത്ത് തല ഉദ്ഘാടനം  ചെറുതാഴം ശ്രീരാമവിലാസം  എല്‍പി സ്കൂളില്‍ നടക്കും.   പഞ്ചായത്ത് വിദ്യാഭ്യാസ സമിതി യോഗത്തില്‍ പ്രസിഡന്റ്‌ പി.പ്രഭാവതി അധ്യക്ഷയായി. പി.വി.വത്സല, രാജേഷ്‌ കടന്നപ്പള്ളി, ബിയാട്രിസ് സെക്ക്യുറ  എന്നിവര്‍ സംസാരിച്ചു  .പ്രധാനധ്യാപകര്‍, പഞ്ചായത്തംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായി.

No comments:

Post a Comment