15 Nov 2019

പ്രതിഭകളിലേക്ക് 

പിലാത്തറ: ബഹിരാകാശത്തേക്ക് പോകാൻ താൽപര്യമുള്ളവർ കൈ ഉയർത്താൻ പറഞ്ഞപ്പോൾ പത്തൊമ്പത് പേരും ഉയർത്തി. ബഹിരാകാശ ജീവിതത്തിന്റെ പ്രയാസങ്ങൾ സ്ക്രീനിൽ തെളിഞ്ഞപ്പോഴും ചിരി മാഞ്ഞില്ല. ഇഷ്ടഭക്ഷണം, ദിവസേനയുള്ള കുളി, വസ്ത്രം മാറൽ ഇവയൊന്നും  ഇഷ്ടാനുസരണം പറ്റില്ലെന്ന് റിട്ട. ഐ എസ് ആർ ഒ ശാസ്ത്രജ്ഞൻ പി എം  സിദ്ധാർഥൻ  വിവരിച്ചപ്പോൾ  ആദ്യം ആവേശം അവരിലുണ്ടായില്ല. എന്നാൽ ബഹിരാകാശത്ത് ദിവസങ്ങളോളം കഴിഞ്ഞ സുനിത വില്യംസ് അടക്കമുള്ളവരെ പരിചയപ്പെടുത്തിയപ്പോൾ കുട്ടിക്കൂട്ടം റെഡിയായി. ബഹിരാകാശത്തേക്ക് പറക്കാൻ. ബഹിരാകാശത്തിന്റെ അത്ഭുതലോകം കുട്ടികളെ പരിചയപ്പെടുത്തുകയായിരുന്നു പ്രതിഭകളോടൊപ്പം പരിപാടി. കടന്നപ്പള്ളി തെക്കെക്കര ഗവ.എൽ പി സ്കൂൾ വിദ്യാർഥികളാണ് അനുഭവങ്ങൾ അറിയാൻ പി എം  സിദ്ധാർഥന്റെ വീട്ടിലെത്തിയത്. ഒന്നര മണിക്കൂറോളം കുട്ടികൾ അദ്ദേഹത്തോടൊപ്പം ചിലവഴിച്ചു. യാത്ര പറയാൻ ഇറങ്ങിയ കുട്ടികൾക്കുള്ള ഉപദേശം ഇങ്ങനെയായിരുന്നു. ശാസ്ത്രജ്ഞരാകാൻ ആദ്യം ശാസ്ത്ര പ്രതിഭകളെ അറിയുക. അതിനായി ദേശാഭിമാനി അക്ഷരമുറ്റം പ്രസിദ്ധികരിച്ച തന്റെ പുസ്തകം 'മാഡം ക്യൂറി' എല്ലാ കുട്ടികൾക്കും നൽകി. സിദ്ധാർഥന്റെ സഹധർമിണിയും ഗുജറാത്ത് സർവ്വകലാശാലയിലെ ലക്ചററുമായിരുന്ന ഡോ. സിനാട്രയും കുട്ടികളുമായി സംവദിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം കെ. മോഹനൻ, ബിപിഒ രാജേഷ് കടന്നപ്പള്ളി, പ്രധാനാധ്യാപിക എം സുൽഫത്ത്, പി കെ സുരേഷ്, കെ വി പ്രീത എന്നിവർ സംസാരിച്ചു.

No comments:

Post a Comment