24 Feb 2020

പഠനോത്സവം - ജില്ലാതല ഉദ്ഘാടനം 

വിദ്യാലയ മികവുകൾ പൊതു സമൂഹവുമായി പങ്കുവെക്കാൻ സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ നടക്കുന്ന പoനോത്സവത്തിൻ്റെ ജില്ലാതല ഉദ്ഘാടനം നെരുവമ്പ്രം യു പി സ്കൂളിൽ ബഹു. എം എൽ എ ടി .വി രാജേഷ് നിർവ്വഹിച്ചു.
19 Jan 2020

ഗണിതോത്സവംഗണിതോത്സവം-സബ്ജില്ലാ തല ഉദ്ഘാടനം 


​ഗണിതോത്സവം സബ്ജില്ലാ തല ഉദ്‌ഘാടനം ഇടക്കേപ്പുറം യു പി സ്കൂളിൽ വച്ച് കല്ല്യാശ്ശേരി മണ്ഡലം എം എൽ എ ടി വി രാജേഷ് ​നിർവ്വഹിച്ചു.

31 Dec 2019

'വർണ്ണശലഭങ്ങൾ' - ദ്വിദിന സഹവാസ ക്യാമ്പ് മാടായി ബി ആർ സി നടത്തുന്ന ദ്വിദിന സഹവാസ ക്യാമ്പ് കല്യാശ്ശേരി മണ്ഡലം എം എൽ എ ടി വി രാജേഷ് ഉദ്ഘാടനം ചെയ്തു.കുട്ടികളുടെ ബുദ്ധിവികാസത്തിനും മാനസിക ഉല്ലാസത്തിനും പ്രാധാന്യം നൽകുന്ന തോടൊപ്പം തൊഴിൽ പരിശീലന സൗകര്യവും ഉറപ്പാക്കും.എം എൽ എ അറിയിച്ചു. മാടായി എൽ പി സ്കൂളിൽ നടക്കുന്ന ക്യാമ്പിൽ പഞ്ചായത്ത് പ്രസിഡന്റ് എ സുഹറാബി അധ്യക്ഷയായി.ഭിന്നശേഷി പ്രതിഭ റഫ്‌സാന ഖാദർ ദീപം തെളിയിച്ചു.ഗ്രാമപഞ്ചായത്തംഗം ശ്രീ കെ ശ്രീനിവാസൻ റഫ്‌സാന ഖാദറെ പൊന്നാടയണിയിച്ചു ആദരിച്ചു .ജില്ലാ പ്രൊജക്ട് കോഡിനേറ്റർ ടി പി വേണുഗോപാലൻ, എ ഇ ഒ ടി വി ചന്ദ്രൻ, ജില്ലാ പ്രോ ഗ്രാം ഓഫീസർ ടി വി വിശ്വനാഥൻ, കെ ശ്രീനിവാസൻ, കെ വിനോദ്കുമാർ, ടി പ്രീതാകുമാരി, ടി വി ജയശ്രീ, കെ വിനിഷ് എന്നിവർ സംസാരിച്ചു. രാജേഷ് കടന്നപ്പള്ളി സ്വാഗതവും എൻ ജെ ജയന്തി നന്ദിയും പറഞ്ഞു. പാവക്കുത്ത്, വർണ്ണ പമ്പരം, വരയും കുറിയും, കരവിരുത് എന്നിങ്ങനെ നാലു മേഖലകളായാണ് പ്രവർത്തനം. ശനിയാഴ്ച വൈകിട്ട് സമാപിച്ചു .


3 Dec 2019

ലോക ഭിന്നശേഷി ദിനാചരണം 

'ഒന്നാകാം ഉയരാം' സന്ദേശമുയർത്തി ലോകഭിന്നശേഷി ദിനമാചരിച്ചു .സമഗ്ര ശിക്ഷ കേരള മാടായി ബി ആർ സിയുടെ നേതൃത്വത്തിൽ വിശിഷ്ടാതിഥികൾക്കു കറിവേപ്പില തൈ നൽകി സ്വീകരിച്ചാണ് ദിനാചരണത്തിനു തുടക്കം കുറിച്ചത്.മാടായി റൂറൽ ബാങ്ക് പി സി സി ഹാളിൽ ജില്ലാ പഞ്ചായത്തംഗം ആർ അജിത ഉദ്ഘാടനം ചെയ്തു.എച്ച്എം ഫോറം കൺവീനർ സി പി പ്രകാശൻ അധ്യക്ഷനായി.ജില്ലാ പ്രോഗ്രാം ഓഫീസർ ടി പി അശോകൻ മുഖ്യാതിഥിയായി.എസ് എ ജീവാനന്ദ്,എം ടി പ്രജീഷ് എന്നിവർ ആശംസ അറിയിച്ചു.ബി പി ഓ രാജേഷ് കടന്നപ്പള്ളി സ്വാഗതവും എൻ ജെ ജയന്തി നന്ദിയും പറഞ്ഞു.സ്വരരാഗ് സജീവൻ ദീപശിഖ തെളിയിച്ചു .വൈകീട്ട് സമാപനം ഏഴോം പഞ്ചായത്ത് പ്രസിഡൻറ് സി ഓ പ്രഭാകരൻ ഉദ്ഘാടനം ചെയ്തു.കെ ശ്രീനിവാസൻ അധ്യക്ഷനായി.മാടായി ബാങ്ക് പ്രസിഡൻറ് പി പി ദാമോദരൻ മുഖ്യാതിഥിയായി.ചെറുതാഴം ബാങ്ക് പ്രസിഡൻറ് സമ്മാനം നൽകി.എ വി സതീശൻ സ്വാഗതവും ടി സജീഷ്നന്ദിയും പറഞ്ഞു.കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.

19 Nov 2019

വിദ്യാലയം പ്രതിഭകളോടൊപ്പം

എ എൽ പി സ്കൂൾ മാടായിക്കാവിലെ വിദ്യാർഥികൾ പ്രശസ്ത സിനിമ-നാടക നടൻ ശ്രീ പ്രകാശൻ ചെങ്ങലിനോടൊപ്പം
 ചീനിക്കുഴൽ,നാദസ്വരം,ചെണ്ട,തെയ്യം സംഗീതം കലാകാരൻ ശ്രീ മനോഹരൻ മാട്ടൂലിനോടൊപ്പം എ എൽ പി സ്കൂൾ മാട്ടൂൽ വിദ്യാർഥികൾ

പക്ഷി നിരീക്ഷകൻ,പക്ഷി വളർത്തൽ വിദഗ്ദൻ ശ്രീ സാബിർ മാട്ടൂലിനൊപ്പം സി എം എൽ പി സ്കൂളിലെ കുരുന്നുകൾ

18 Nov 2019

വിദ്യാലയം പ്രതിഭകളോടൊപ്പം 

ഐ എസ് ആർ ഒ ശാസ്ത്രജ്ഞൻ ശ്രീ പി എം സിദ്ധാർഥനോടൊപ്പം വിദ്യാഭ്യാസ മന്ത്രിയും കുട്ടികളും 

15 Nov 2019

പ്രതിഭകളിലേക്ക് 

പിലാത്തറ: ബഹിരാകാശത്തേക്ക് പോകാൻ താൽപര്യമുള്ളവർ കൈ ഉയർത്താൻ പറഞ്ഞപ്പോൾ പത്തൊമ്പത് പേരും ഉയർത്തി. ബഹിരാകാശ ജീവിതത്തിന്റെ പ്രയാസങ്ങൾ സ്ക്രീനിൽ തെളിഞ്ഞപ്പോഴും ചിരി മാഞ്ഞില്ല. ഇഷ്ടഭക്ഷണം, ദിവസേനയുള്ള കുളി, വസ്ത്രം മാറൽ ഇവയൊന്നും  ഇഷ്ടാനുസരണം പറ്റില്ലെന്ന് റിട്ട. ഐ എസ് ആർ ഒ ശാസ്ത്രജ്ഞൻ പി എം  സിദ്ധാർഥൻ  വിവരിച്ചപ്പോൾ  ആദ്യം ആവേശം അവരിലുണ്ടായില്ല. എന്നാൽ ബഹിരാകാശത്ത് ദിവസങ്ങളോളം കഴിഞ്ഞ സുനിത വില്യംസ് അടക്കമുള്ളവരെ പരിചയപ്പെടുത്തിയപ്പോൾ കുട്ടിക്കൂട്ടം റെഡിയായി. ബഹിരാകാശത്തേക്ക് പറക്കാൻ. ബഹിരാകാശത്തിന്റെ അത്ഭുതലോകം കുട്ടികളെ പരിചയപ്പെടുത്തുകയായിരുന്നു പ്രതിഭകളോടൊപ്പം പരിപാടി. കടന്നപ്പള്ളി തെക്കെക്കര ഗവ.എൽ പി സ്കൂൾ വിദ്യാർഥികളാണ് അനുഭവങ്ങൾ അറിയാൻ പി എം  സിദ്ധാർഥന്റെ വീട്ടിലെത്തിയത്. ഒന്നര മണിക്കൂറോളം കുട്ടികൾ അദ്ദേഹത്തോടൊപ്പം ചിലവഴിച്ചു. യാത്ര പറയാൻ ഇറങ്ങിയ കുട്ടികൾക്കുള്ള ഉപദേശം ഇങ്ങനെയായിരുന്നു. ശാസ്ത്രജ്ഞരാകാൻ ആദ്യം ശാസ്ത്ര പ്രതിഭകളെ അറിയുക. അതിനായി ദേശാഭിമാനി അക്ഷരമുറ്റം പ്രസിദ്ധികരിച്ച തന്റെ പുസ്തകം 'മാഡം ക്യൂറി' എല്ലാ കുട്ടികൾക്കും നൽകി. സിദ്ധാർഥന്റെ സഹധർമിണിയും ഗുജറാത്ത് സർവ്വകലാശാലയിലെ ലക്ചററുമായിരുന്ന ഡോ. സിനാട്രയും കുട്ടികളുമായി സംവദിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം കെ. മോഹനൻ, ബിപിഒ രാജേഷ് കടന്നപ്പള്ളി, പ്രധാനാധ്യാപിക എം സുൽഫത്ത്, പി കെ സുരേഷ്, കെ വി പ്രീത എന്നിവർ സംസാരിച്ചു.

24 Oct 2019

നൈതികം - ഭരണഘടനാ വാർഷികാഘോഷം

                ഭരണഘടനാ എഴുപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാന ആസൂത്രണ ബോർഡിന്റെ നിർദേശപ്രകാരം 2019 നവം. 1 മുതൽ വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട് . അവ കാര്യക്ഷമമായി ഏറ്റെടുക്കുന്നതിനും നടപ്പിലാകുന്നതിനും  28 / 1 0 / 19 (തിങ്കൾ ) രാവിലെ 9 .30  മുതൽ ഏകദിന ശില്പശാല മാടായി ഗവ .ബോയ്സ് ഹയർ സെക്കൻഡറി  സ്കൂളിൽ (പുതിയ കെട്ടിടം ) നടക്കും .UP, HS, HSS വിദ്യാലയത്തിലെ അധ്യാപകർക്കാണ് പരിശീലനം . 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയത്തിൽ നിന്ന് ഒരു അധ്യാപകൻ പങ്കെടുത്താൽ മതി .'നൈതികം '  കോർഡിനേറ്ററായി പ്രവർത്തിക്കാൻ കഴിവുള്ള , ഈ മേഖലയിൽ താല്പര്യമുള്ള ​അധ്യാപകനെ പങ്കെടുപ്പിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം 

12 Sept 2018

തെക്കേക്കര എൽ പി എസ്

പൂമ്പാറ്റേ.... ​പൂമ്പാറ്റേ.... പൂവുകൾ തോറും പാറി നടക്കും പൂമ്പാറ്റേ....

അക്ഷരങ്ങളിൽ ആലേഖന  കാഴ്ചയല്ല തെക്കേക്കര  എൽ പി യിലെ വിദ്യാർത്ഥികൾക്ക് .അവരുടെ നേരനുഭവവും  നേർകാഴ്ചയുമായി മാറിയിരിക്കുന്നു ഈ കുട്ടിക്കവിത . പരിമിതികൾക്കപ്പുറത്തേക്കാണ് ഈവിദ്യാലയം വളരുന്നത്.പ്രകൃതി പാഠപുസ്തകമാകുകയെന്ന ലക്‌ഷ്യം കൈവരിച്ചുകൊണ്ടിരിക്കുന്നു .പ്രകൃതിയുടെ സ്വാഭാവികതക്ക് കോട്ടം തട്ടാതെയാണ് ജൈവവൈവിധോദ്യാനം .ഔഷധസസ്യങ്ങൾ , നാട്ടുപൂക്കൾ ഇവിടെ സുലഭം .തേൻ കുടിക്കാനെത്തുന്ന കിളികൾ ,പൂമ്പാറ്റകൾ ,വണ്ടുകൾ എത്ര മനോഹരം .കൊച്ചുകുട്ടികൾക്ക് ആനന്ദം പകരുന്ന സ്കൂൾ മുറ്റം .എക്സലൻഷ്യ അവാർഡ് ,മാതൃഭൂമി സീഡ് നാട്ടു മാഞ്ചോട്ടിൽ ജില്ലാതല ഉദ്ഘാടനത്തിനു തെരെഞ്ഞെടുത്ത വിദ്യാലയം .... മികവിൻറെ നിറകുടമാകാൻ ചുവടുവെയ്ക്കുകയാണ് ഈ പൊതുവിദ്യാലയം.

3 Sept 2018

​പ്രതിഭോദ്യാനത്തിലേക്കു നരിക്കോട് ഗവ.ന്യൂ യു പി സ്കൂൾ


പ്രതിഭോദ്യാനത്തിലേക്കു നരിക്കോട് ഗവ.ന്യൂ യു പി സ്കൂൾ

           അക്കാദമിക് മികവിന് അർത്ഥപൂർണ്ണമായ ചുവടുതീർത്ത്  നരിക്കോട് ഗവ.ന്യൂ യു പി സ്കൂൾ . പൊതുവിദ്യാഭ്യാസ സംരക്ഷണ യജ് ഞത്തിൻറെ  അന്തസത്ത ഉൾക്കൊണ്ട് പ്രതിഭോദ്യാനമെന്ന ലക്ഷ്യസാക്ഷാത്കാരണത്തിനായി വിവിധ പദ്ധതികൾ വിദ്യാലയത്തിൽ നടക്കുന്നുണ്ട് .അവധി ദിനങ്ങൾ പ്രയോജനപ്പെടുത്തി ചെണ്ട ,അബാക്കസ് ,കരാട്ടെ ,കൃഷി ,മാലിന്യ വിമുക്ത പ്രവത്തനം ,ഡാൻസ് ,കായികം  എന്നീ ഇനങ്ങളിലാണ് കുട്ടികൾക്ക് പരിശീലനം നൽകുന്നത് . വിദ്യാലയത്തിലെ 202 കുട്ടികളെയും അവരുടെ അഭിരുചിക്കനുസരിച്ചു വിവിധ മേഖലകളിൽ പ്രാവീണ്യമുള്ളവരാക്കുക എന്നതാണ് ലക്‌ഷ്യം .
              രക്ഷിതാക്കളുടെ പങ്കാളിത്തം പൂർണ്ണമായും പ്രവർത്തനത്തിൽ ഉറപ്പുവരുത്തുന്നു . പ്രാദേശിക സാധ്യകളെ  ഉള്പെടുത്തിയാണ് പ്രവർത്തന നിർവഹണം .വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച പ്രദേശത്തെ വിദഗ്‌ധരാണ് കുട്ടികൾക്ക് പരിശീലനം നൽകുന്നത് . പെണ്കുട്ടികൾക്ക് ആത്മവിശ്വാസം പകരുന്നതിനായി നടത്തുന്ന കരാട്ടെ പരിശീലനത്തിലൂടെ വിവിധ തലങ്ങളിൽ കുട്ടികൾ മികവ് നേടി .
      കൈപ്പാടും നെല്ലും രമണിയത തീർക്കുന്ന ഏഴോത്തെ ജൈവകൃഷിയെ അറിയാനും പ്രയോഗിക്കാനുമുള്ള അവസരമാണ്  " പാഠത്തോടൊപ്പം  പാടത്തേക്ക് " - പിന്നോക്കം നിൽക്കുന്ന കുട്ടികളെ മികവിലേക്കു നയിക്കുന്നതാണ്  , അബാക്കസ് ' പരിശീലനം . കായിക പരിശീലനത്തിന്റെ ഭാഗമായി  ഖൊഖെ , ഫുട്ബോൾ ടീമുകൾ വിദ്യാലയത്തിൽ നിലവിൽ വന്നു. മികച്ച ജൈവവൈവിധോദ്യാനം, അധ്യാപകർ ലാപ്ടോപ്മായി ക്ലാസിലെത്തി നിർവഹിക്കുന്ന അധ്യയനം തുടങ്ങി മാതൃകാപരമായ ചുവടുവെയ്പുകൾ  ഇതിനകം വിദ്യാലയം സാധ്യമാക്കി